Tuesday, May 21, 2024
keralaNewspolitics

പ്രധാനമന്ത്രി കുന്നംകുളത്ത് 15ന്

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് തൃശ്ശൂര്‍ കുന്നംകുളത്ത് എത്തും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടി. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം. നേരത്തെ കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടിയിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു.

ഇതിലൂടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തെരഞ്ഞെടുപ്പ് വിഷയമായി പ്രചരിപ്പിക്കാനും പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നു. കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നതോടെ ആലത്തൂര്‍ തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങളില്‍ അനുകൂല തരംഗം ഉണ്ടാവും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോണ്‍ഗ്രസിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം.കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവരെ ഇഡി മണിക്കൂറുകളോളം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കുകയായിരുന്നു.