Tuesday, May 21, 2024
keralaNews

പേരുർത്തോട് – മുക്കൂട്ടുതറ ബൈപാസ് ബസ് സർവീസ് നിർത്തുന്നു

എരുമേലി:  തകർന്ന റോഡ് കനത്ത മഴയിൽ  ഒഴുകിപ്പോയതോടെ  എരുമേലി – പേരുർത്തോട് – മുക്കൂട്ടുതറ ബൈപാസ് റോഡിൽക്കൂടിയുള്ള സ്വകാര്യ  ബസ് സർവീസ് നിർത്തുന്നു . ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന മഴയിലാണ്   ബൈപാസിന്റെ നിരവധി സ്ഥലങ്ങളിൽ റോഡ് ഒഴുകിപ്പോയത്. ചപ്പാത്ത്  ഭാഗം, കടുമ്പിശേരി , പുതു പറമ്പിൽ പടി, സെന്റ് ആന്റണീസ് പള്ളി താഴെ ഭാഗം എന്നിവടങ്ങളിലാണ് റോഡ് മഴയിൽ ഒഴുകിപ്പോയതെന്നും പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഇ ജെ ബിനോയി  പറഞ്ഞു .എരുമേലി – മുണ്ടക്കയം സംസ്ഥാന പാതയിൽ പേരുർത്തോട്ടിൽ നിന്നാരംഭിച്ച്  ഇരുമ്പൂന്നിക്കര – തുമരംപാറ – എലിവാലിക്കര – 35 ജംഗഷനിലെത്തി പമ്പക്കും, മുക്കൂട്ടുതറക്കും പോകുന്ന സമാന്തര പാതയാണ്  തകർന്നിരിക്കുന്നത് . റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ കഴിയാത്തതിനെരെ ജനകീയ പ്രതിഷേധം വ്യാപകമായി നിൽക്കുമ്പോഴാണ്  കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിന്റെ ബാക്കി ഭാഗംകൂടി ഒഴുകിപ്പോകുന്നത് .സ്വകാര്യ ബസുകളും –
 കെ. എസ് ആർ റ്റി സി അടക്കം എട്ടോളം സർവീസുകളാണ് ഈ മേഖലയിൽ നടത്തിയിരുന്നത്. എന്നാൽ റോഡിന്റെ  തകർച്ച പൂർണ്ണമായതോടെയാണ്  ഇതുവഴിയുള്ള ഈ സർവ്വീസുകൾ നിർത്തുന്നത്.  ശബരിമല തീർത്ഥാടകരും പ്രധാന സമാന്തര പാതയായി ഉപയോഗിക്കുന്ന സമാന്ത പാതയിൽക്കൂടിയുള്ള  ഗതാഗതം തടസപ്പെടുന്നതോടെ  നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലാകുന്നത് . സ്കൂൾ , കോളേജ്, ഉദ്യോഗസ്ഥർ , കൂലിപണിക്കാർ അടക്കം നിരവധി പേരുടെ ഏക ആശ്രയമാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത് . വാട്ടർ അതോറിറ്റിയുടെ
പൈപ്പ് ലൈൻ കുഴിച്ചിടുന്നതിനായി എടുത്ത കുഴി തിരിച്ച് മൂടാൻ  വൈകിയതാണ്   പ്രധാന കാരണം,റോഡ് ടാറിംഗ് നടത്തിക്കൊണ്ടുവരാൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും രക്ഷയില്ല .