Tuesday, May 21, 2024
keralaNews

പത്തനംതിട്ടയില്‍ ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയില്‍ ഇരുമ്പുകമ്പി കുത്തിക്കയറി.

പത്തനംതിട്ടയില്‍ ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയില്‍ ഇരുമ്പുകമ്പി കുത്തിക്കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പില്‍ മുശാരേത്ത് യദുകൃഷ്ണനാണ് അപകടത്തില്‍പെട്ടത്. ഓടയുടെ സമീപത്ത് കിടന്ന കോണ്‍ക്രീറ്റ് സ്ലാബിലെ ഇരുമ്പ് കമ്പിയാണ് യദുവിന്റെ തലയില്‍ തുളച്ച് കയറിയത്. ഒപ്പം ഉണ്ടായിരുന്ന രണ്ടര വയസ്സുകാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിക്കോട് തിയറ്റര്‍ ജംക്ഷന് സമീപമാണ് അപകടം നടന്നത്.ഇരുമ്പുകമ്പി യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും താമസം ഉണ്ടായി. അരമണിക്കൂറോളം കഴിഞ്ഞാണ് യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് യദുവിനെ മാറ്റുകയായിരുന്നു.

തുടര്‍ന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിദേശത്താണ് യുവാവ് ജോലി ചെയ്തിരുന്നത് . എന്നാല്‍ കൊറോണ വ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ബുധനാഴ്ച വിവാഹ നിശ്ചയം നടത്താനിരിക്കെയാണ് അപകടം സംഭവിച്ചത്.ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തിയറ്റര്‍ ജംക്ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് പൂട്ടുകട്ട പാകിയത്. ചന്ദനപ്പള്ളി- കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ആയിരുന്നു ഇത്. തുടര്‍ന്ന് നവീകരണം നടത്തുകയും ചെയ്തു. എന്നാല്‍ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും പൂട്ടുകട്ടയില്‍ വാഹനങ്ങള്‍ തെന്നി നീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.