Friday, May 17, 2024
keralaNews

നിർമ്മാണ രംഗം കടുത്ത പ്രതിസന്ധിയിലേക്ക് : റെൻസ്ഫെഡ്.

കോട്ടയം : കേരളത്തിൽ കഴിഞ്ഞ വർഷം ലോക്ഡൗൺ പിൻവലിച്ചതിന് ശേഷം നിർമ്മാണ രംഗം മെല്ലെ മെല്ലെ പൂർവ്വസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുകയാണ് നിർമ്മാണമേഖല.
നിർമ്മാണ സാമഗ്രികൾ ഇപ്പോൾ  കരിചന്ത വിലക്കാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് 400 രൂപ വരെയുള്ള സിമൻ്റിന്  500 രൂപ വരെ കൂട്ടി , കമ്പിക്ക് 85 വരെ എത്തി. ഇലക്ട്രിക് – പ്ലംബിംഗ് സാമഗ്രികൾക്ക് 40 % വരെ വില വർദ്ധിപ്പിച്ചു , കരിങ്കല്ലും മെറ്റലും ( ജെല്ലി ) കിട്ടാനുമില്ല.
ഇക്കുറി ലോക്ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ നിർമ്മാണമേഖലയെ ഒഴിവാക്കി തന്നിരുന്നു.എന്നാൽ നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നില്ല. കടകൾ തുറന്ന് പ്രവർത്തിക്കാൻ റെൻസ്ഫെഡ് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ ചൂണ്ടി കാണിച്ചപ്പോഴാണ് കടക്കാർക്ക് നിയന്ത്രണ ത്തോടെ തുറക്കാൻ അനുമതി കിട്ടിയത്. കിട്ടിയ അവസരം കടക്കാർ കരിചന്തയിൽ വിൽക്കാൻ ഉപയോഗപ്പെടുത്തിയെന്നതാണ് യാഥാർത്യം.
മുമ്പ് സ്റ്റോക്ക് ചെയ്ത സാധനങ്ങൾക്കാണ് മിക്കവരും വൻ വില വർദ്ധിപ്പിച്ചത്.
നിർമ്മാണ രംഗം പൂർണ്ണമാകണമെങ്കിൽ മുഴുവൻ മെറ്റീരിയൽസും ലഭ്യമാകണം .
ഇപ്പോൾ മുഖ്യമന്ത്രി ചെങ്കൽ ക്വാറിക്ക് അനുമതി നൽകിയെങ്കിലും കരിങ്കൽ ക്വാറി , ക്രഷർ ഒന്നും തുറന്ന് പ്രവർത്തിക്കുന്നില്ല.
മറ്റൊന്ന് കഴിഞ്ഞ സമ്പൂർണ്ണ അടച്ചിൽ കാലത്തെ അവസ്ഥ വരുമെന്ന് കേട്ട് ഒട്ടനവധി അതിഥി തൊഴിലാളികൾ നാടുകളിലേക്ക് കുടിയേറി.
അതുകൊണ്ട് തന്നെ തൊഴിലാളി ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.മഴക്ക് മുമ്പ് ഏപ്രിൽ – മേയ് മാസത്തിലാണ് നിർമ്മാണ പ്രവർത്തികൾ കൂടുതൽ നടക്കാറ്.
എല്ലാം കൊണ്ടും ഈ സീസൺ കൂടി തൊഴിലാളികൾക്ക്  നഷ്ടപ്പെട്ടിരിക്കുകയാണ്.
അതു കൊണ്ട് തന്നെ ഈ രംഗത്തെ ഏറ്റവും താഴെ തട്ടിലുള്ള തൊഴിലാളികൾ മുതൽ , അവരെ ആശ്രയിക്കുന്ന മറ്റു എല്ലാ വ്യാപാര മേഖലയും തകർച്ചയുടെ വക്കിലേക്ക് എത്തിയിരിക്കുന്നു.
കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയായ നിർമ്മാണ രംഗം നശിച്ചുപോകാതിരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് റെൻസ്ഫെഡ് കോട്ടയം ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ്‌ മനോജ്‌ വി സലാമിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി  ശ്രീകാന്ത് എസ്‌ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ, സംസ്ഥാന സമിതി അംഗങ്ങളായ നന്ദകുമാർ എസ്‌, ഫൈസൽ കെ എ, താലൂക് പ്രസിഡന്റ്‌ ഷിനോയ് ജോർജ് എന്നിവർ സംസാരിച്ചു.