Thursday, May 2, 2024
keralaNews

തൃശൂര്‍ പൂരത്തിനു തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി.

തൃശൂര്‍ പൂരത്തിനു തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി. ദേശക്കാരാണു കൊടിയേറ്റിയത്. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കമുകിന്റെ കൊടിമരത്തില്‍ ആലിലയും മാവിലയും ദര്‍ഭപ്പുല്ലും കൊണ്ട് അലങ്കരിച്ച്, ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയര്‍ത്തിയത്.തുടര്‍ന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തും. 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും വടക്കുന്നാഥ ക്ഷേത്രം കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭഗവതിക്ക് ആറാട്ടും നടത്തും.

ഉച്ചകഴിഞ്ഞു 3നു ക്ഷേത്രത്തില്‍ പൂരം പുറപ്പാടു നടക്കും.തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.3.30നു ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.ഭഗവാന്‍ ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യമറിയിക്കുന്ന നീല, മഞ്ഞ നിറങ്ങളില്‍ തുന്നിയ കൊടികളാണ് ഉയര്‍ത്തുക.നടുവില്‍ മഠത്തിലെ ആറാട്ടിനു ശേഷം 5നു ഭഗവതി തിരിച്ചെഴുന്നള്ളും.മേയ് 10നാണു പൂരം. മേയ് 8നു സാംപിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും നടക്കും.പൂരം വെടിക്കെട്ട് മേയ് 11നു വെളുപ്പിനു മൂന്നിനാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മാണം മേയ് ആറിനു മുന്‍പു പൂര്‍ത്തീകരിക്കും.സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂരത്തിനെത്തുന്നവര്‍ കൂടുതല്‍ സുരക്ഷ പുലര്‍ത്തണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. 2019ലും പൂരം നിയന്ത്രണം ശക്തമായിരുന്നു.ബാഗുമായി ആരെയും പൂരപ്രദേശത്തേക്ക് കയറ്റിവിട്ടിരുന്നില്ല.