Tuesday, May 14, 2024
keralaNews

തമിഴ്‌നാട്ടില്‍ താഴ്ന്ന മേഖലകളെല്ലാം വെള്ളക്കെട്ട്

തമിഴ്‌നാട്ടില്‍ താഴ്ന്ന മേഖലകളെല്ലാം വെള്ളക്കെട്ടില്‍ കുതിര്‍ന്ന അവസ്ഥയിലാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു നീട്ടാന്‍ സാധ്യതയേറെയാണ്. മധുര ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.താഴ്ന്ന മേഖലകളില്‍ അഞ്ചടി ഉയരത്തില്‍ വരെ വീടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആളുകള്‍ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്കു മാറി. വെള്ളക്കെട്ട് കാരണം ഗതാഗതം സ്തംഭിച്ച മേഖലകളില്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസ്, റവന്യൂ, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒട്ടേറെ മേഖലകള്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതും ദുരിതം ഇരട്ടിയാക്കി.

മഴയില്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ചെന്നൈയിലെ 169 ക്യാംപുകളിലായി ആയിരത്തോളം പേരാണ് കഴിയുന്നത്. തമിഴ്‌നാട്ടിലാകെ 5106 ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കി. ആഴക്കടലില്‍ പോയ മത്സ്യത്തൊഴിലാളികളോടു തീരത്ത് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സഹായത്തിന് ഹെലികോപ്റ്ററും ഒരുക്കിയിട്ടുണ്ട്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ 3.36 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. 15 അടുക്കളകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചെന്നൈയിലെ 200 ഡിവിഷനുകളിലും മെഡിക്കല്‍ ക്യാംപുകളും വാക്‌സിനേഷന്‍ ക്യാംപുകളും തുടരുകയാണ്.കഴിഞ്ഞ ഒന്നു മുതല്‍ ഇന്നലെ വരെ 44% കൂടുതല്‍ മഴ ലഭിച്ചെന്നാണു കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇതിനു പിന്നാലെയാണു പുതിയ ന്യൂനമര്‍ദ ഭീഷണി ഉയരുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ഇന്നു ന്യൂനമര്‍ദം രൂപപ്പെടുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസത്തേക്ക് തമിഴ്നാട്ടില്‍ അതിശക്തമായ മഴ പെയ്‌തേക്കും. നാളെ മുതല്‍ 12 വരെ 3 ദിവസത്തേക്ക് ചെന്നൈ നഗരം, തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും 11നും കനത്ത മഴയെന്നാണു പ്രവചനം.