Monday, May 13, 2024
indiaNews

തമിഴ്‌നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാറി.

തമിഴ്‌നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാറിയതോടെ കേരളത്തിലും ആശങ്ക. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കോവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. അതേസമയം ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ പാലക്കാടു നിന്നുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു വ്യവസായ നഗരത്തെ ആശ്രയിക്കും. ഇതു രോഗവ്യാപനത്തിന് കാരണായേക്കുമെന്ന ആശങ്കയും ശക്തമാണ്.2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണു ദൈംദിന കേസുകളില്‍ ചെന്നൈയെ തമിഴ്‌നാട്ടിലെ മറ്റൊരു നഗരം മറികടക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് തലസ്ഥാനമായിമാറി കോയമ്പത്തൂര്‍. മാസങ്ങളായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ചെന്നൈയില്‍ ഇന്നലെ 2779 പോസിറ്റീവ് കേസുകള്‍ മാത്രം. അതേസമയം കോയമ്പത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,734 കേസുകള്‍.

തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളില്‍ രോഗവ്യാപനം കുറയുമ്പോഴും കോയമ്പത്തൂരും തിരുപ്പൂരും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ജില്ലകളില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. മേഖലയിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നു. പത്തുദിവസം മുമ്പുവരെ ഇതില്‍ പലതും നിയന്ത്രണങ്ങള്‍ മറികടന്നു പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പുതിയ രോഗികളാവുന്നവരില്‍ 70 ശതമാനവും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്.തിരുപ്പൂരില്‍ തുണിവ്യവസായ മേഖലയിലാണു രോഗം പടരുന്നത്. ഹോം ക്വാറന്റീന്‍ നിബന്ധനങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കേരളം ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചാല്‍ ദൈനംദിന കാര്യങ്ങള്‍ക്കായി പാലക്കാടു നിന്നുള്ളവര്‍ കോയമ്പത്തൂരിലേക്കു വരും. തിരിച്ചും കോയമ്പത്തൂര്‍ നിവാസികള്‍ പാലക്കാട്ടേക്കും വരാം. ഇത്തരം സാഹചര്യമുണ്ടായാല്‍ പാലക്കാട്ടെ രോഗനിയന്ത്രണ നടപടികളെ അത് ഗുരുതരമായി ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.