Sunday, May 12, 2024
EntertainmentkeralaNews

ജോണ്‍ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍.

തിരക്കഥാകൃത്ത് ജോണ്‍ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് നേരിട്ട് പോയി കണ്ടിരുന്നുവെന്നുവെന്ന് നടി പറയുന്നു. ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യരുടെ വാക്കുകള്‍

യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓര്‍മ്മയ്ക്കായി…ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍! കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി.

ഇന്ന് ഉച്ചയോടെ ആയിരുന്നു മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തിന്റെ വിയോ?ഗം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.