Wednesday, May 1, 2024
keralaNews

ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വര്‍ണ്ണ പാദസരവുമായി മുങ്ങിയ വണ്ടന്‍മേട് സ്വദേശി പിടിയില്‍

ആലപ്പുഴ :അമ്പലപ്പുഴയില്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുപടെ സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്‍മേട് സ്വദേശി തുളസീ മന്ദിരത്തില്‍ തുളസീധരന്റെ മകന്‍ ശ്യാം കുമാര്‍ (35) ആണ് പിടിയിലായത്. അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരമാണ് ഇയാള്‍ തട്ടിയെടുത്തത്. വിവാഹം നടക്കാന്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പാദസരം തട്ടിയെടുത്ത്.അഞ്ച് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാര്‍ യുവതിയുമായി പരിചയത്തിലാവുന്നത്. വീട്ടിലെ വിവരങ്ങള്‍ അന്വേഷിക്കുകയും ചൊവ്വാദോഷത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ കരുമാടിയിലുള്ള വീട്ടിലെത്തി കല്യാണ സംബന്ധമായ കാര്യങ്ങള്‍ ഗണിച്ചു പറയുകയും ദോഷം മാറാന്‍ പാദസരം പൂജിക്കണമെന്നു പറഞ്ഞു പാദസരം കൈക്കലാക്കി.

പാദസരം വാങ്ങിയ ശേഷം ഇയാള്‍ ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ഇതോടെയാണ് യുവതിയും കുടുംബവും പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അമ്പലപ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി കട്ടപ്പനയില്‍ നിന്നും ശ്യാം കുമാറിനെ അറസ്റ്റ് ചെയ്തത്.ശ്യാം കുമാരിനെതിരെ ഇത്തരത്തില്‍ തിരുവനന്തപുരത്തും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ സന്തോഷ് കുമാര്‍, ജൂനിയര്‍ എസ്.ഐ ബാലസുബ്രഹ്‌മണ്യം, സി പി ഒമാരായ ജോസഫ് ജോയ്, അനീഷ് എന്നിവരുമുണ്ടായിരുന്നു.