Sunday, May 12, 2024
keralaNews

ചക്രസ്തംഭന സമരത്തില്‍ സ്തംഭിച്ച് സംസ്ഥാനം.

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടു നടത്തിയ ചക്രസ്തംഭന സമരത്തോട് അനുകൂലിച്ചും എതിര്‍ത്തും ജനം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ സമരം നടത്തണമെന്ന പക്ഷക്കാരാണെങ്കിലും വഴി തടഞ്ഞു ജോലിക്കും മറ്റും പോകുന്നതിനു തടസം സൃഷ്ടിച്ചതിനോട് യോജിക്കാനാവില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. സമരം നടത്തുന്നതിനു തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നു നിലപാടെടുത്തവരുമുണ്ട്. കലൂരില്‍ നടന്ന സമരക്കാര്‍ക്കു നേരെ ഏതാനും ആളുകള്‍ കയര്‍ത്തു സംസാരിക്കുന്ന സാഹചര്യവുമുണ്ടായി.

11 മണി മുതല്‍ 11.15 വരെയായിരുന്നു ചക്ര സ്തംഭന സമരം. ആദ്യ മിനിറ്റുകളില്‍ സമരക്കാരുടെ വാഹനങ്ങള്‍ നീക്കാന്‍ പൊലീസ് ശ്രമിച്ചില്ല. എന്നാല്‍ യാത്രക്കാര്‍ ഹോണ്‍ മുഴക്കി പ്രതിഷേധിച്ചു തുടങ്ങിയതോടെ പൊലീസെത്തി വാഹനങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 11.12നു തന്നെ പലയിടങ്ങിലും സമരം അവസാനിപ്പിക്കേണ്ടിവുന്നു.

ഇതിനിടെ, ചില സ്ഥലങ്ങളില്‍ സമരക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. എറണാകുളം എംജി റോഡ്, ബൈപ്പാസ്, പാലാരിവട്ടം, എംസി റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനം നിര്‍ത്തിയിട്ട് സമരം നടത്തി. എംസി റോഡിലും യാത്രക്കാരും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കവും പൊലീസ് ഇടപെടലുമുണ്ടായി.

ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡു തടഞ്ഞും കല്ലേറു നടത്തിയും വാഹനങ്ങള്‍ കത്തിച്ചും മാത്രം സമരങ്ങള്‍ നടത്തുന്നതു കണ്ടു ശീലിച്ചിട്ടുള്ള കേരളത്തിന് അത്ര പരിചയമില്ലാത്ത സമര രീതിയുമായാണ് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി രംഗത്തെത്തിയത്. യൂറോപ്പിലെയും മറ്റും ചില രാജ്യങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനു സ്വീകരിച്ചു വരുന്ന സമര രീതികളിലൊന്നാണ് ഇത്. സമരങ്ങള്‍ക്കെതിരെ സര്‍ക്കാരും കോടതിയും കര്‍ശന നിലപാടു സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാത്ത ചക്രസ്തംഭന സമരം പോലെയുള്ള പ്രതിഷേധ പരിപാടികള്‍ സ്വീകാര്യമാണെന്നാണ് പൊതുവേയുള്ള നിലപാട്.