Monday, May 20, 2024
keralaNews

കോടിയേരി ബാലകൃഷ്ണന്‍  വീണ്ടും പാര്‍ട്ടി സെക്രട്ടറി

സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണന്‍.സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തു. ഇന്ന് ചേര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാന്‍ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസില്‍ അറസ്റ്റിലായിരുന്ന മകന്‍ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് പദവിയിലേക്ക് തിരികെ വരാന്‍ പാര്‍ട്ടി പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും അല്‍പം സമയമെടുത്താണ് കോടിയേരിയുടെ മടക്കം. ബിനീഷിന്റെ ജയില്‍വാസം അനിശ്ചിതമായി നീണ്ടത് കോടിയേരിയുടെ മടങ്ങിവരവ് നീളാന്‍ കാരണമായിരുന്നു.തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി 2020 നവംബര്‍ പത്തിനാണ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്പോള്‍ പാര്‍ട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല.