Sunday, May 12, 2024
keralaNews

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ പിടിയില്‍.  ടി അയ്യപ്പനാണ് പിടിയിലായത്. 5,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. പട്ടാമ്പി സ്വദേശി അബ്ദുള്ള കുട്ടി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ഒരു വര്‍ഷത്തോളമായി അബ്ദുള്ള കുട്ടി ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയാണ്. അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അയ്യപ്പന്‍ സ്ഥലം നോക്കുന്നതിനായി എത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം അബ്ദുള്ളകുട്ടി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോള്‍ഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ടാണ് അബ്ദുള്ളക്കുട്ടി അയ്യപ്പന് നല്‍കിയത്. അയ്യപ്പന്‍ പണം വാങ്ങുന്ന നേരത്ത് വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.