Tuesday, May 21, 2024
keralaNews

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കും

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൃശ്ശൂരില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 30 ലക്ഷം രൂപ അനുവദിക്കും.ചലച്ചിത്ര കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.കല- സംസ്‌കാരിക മേഖലയ്ക്കുള്ള അടങ്കല്‍ തുക 175 കോടി രൂപയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് 19.6 കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്തെ മ്യൂസിയം, മൃഗശാല, ഗാലറി, സുവോളജിക്കല്‍ പാര്‍ക്ക്, കോഴിക്കോട് ആര്‍ട്ട് ഗാലറി, കൃഷ്ണമേനോന്‍ മ്യൂസിയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 28.6 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

നിരവധി മ്യൂസിയങ്ങള്‍ ഉണ്ടെങ്കിലും കേരള പിറവി മുതലുള്ള സംസ്ഥാനത്തിന്റെ കലാപരവും, സാംസ്‌കാരികപരവുമായ വളര്‍ച്ചയും, വികാസവും അടയാളപ്പെടുത്തുകയും, സൂക്ഷിക്കുകയും ചെയ്യുന്ന മ്യൂസിയം കേരളത്തില്‍ നിലവിലില്ല എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. ഈ പരാതി പരിഗണിച്ച് തൃശ്ശൂരില്‍ പുതിയ മ്യൂസിയം സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 30 ലക്ഷം രൂപ അനുവദിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.കേരള സംസ്ഥാന ചലച്ചിത്ര കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളര്‍ച്ചയും സംസ്‌കാരവും വിളച്ചോതുന്ന മ്യൂസിയം സ്ഥാപിക്കും. കേരള ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ വകയിരുത്തുന്നു.

കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നേടി ഫെല്ലോഷിപ്പിന് അര്‍ഹരാകുന്ന യുവകലാകാരന്മാര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം നല്‍കും. ഇതിനായി 13 കോടി രൂപ വിലയിരുത്തുന്നു. ഇതില്‍ 4.45 കോടി രൂപ സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ക്കായി മാറ്റിവയ്ക്കുന്നു. സാംസ്‌കാരിക പൈതൃക ഗ്രാമങ്ങള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചു.പി. കൃഷ്ണപിള്ളയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വൈക്കത്ത് നവോത്ഥാന പഠനകേന്ദ്രം സ്ഥാപിക്കാന്‍ രണ്ട് കോടി രൂപ അനുവദിച്ചു. ചെറുശ്ശേരിയുടെ നാമത്തില്‍ ചിറക്കലില്‍ സ്മാരകം സ്ഥാപിക്കും. കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ പേരില്‍ കഥകളി പഠന കേന്ദ്രം ആരംഭിക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു. എംഎസ് വിശ്വനാഥന് ഉചിതമായ സ്മാരകം സ്ഥാപിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.