Thursday, May 2, 2024
keralaNews

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: മൂന്ന്   പ്രതികളും റിമാന്‍ഡില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: മൂന്ന്   പ്രതികളും റിമാന്‍ഡില്‍

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തിയ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി.

തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു വയസുകാരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരനെ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കായി 2 അഭിഭാഷകര്‍ ഹാജരായി. തിങ്കളാഴ്ച പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. പത്മകുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകള്‍ അനുപമ രണ്ടാം പ്രതിയുമാണ്.

അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.