Tuesday, May 14, 2024
indiakeralaNewsworld

കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് തുടങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് തുടങ്ങിയതോടെ ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകും. അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് വഴി പ്രതിവര്‍ഷം 20,000 ടണ്‍ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസ് കൂടി കേന്ദ്രം ഉടന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ സര്‍വീസ് യാഥാര്‍ത്യമായതോടെ വിമാനത്താവളത്തിന്റെ മുഖഛായ മാറുകയാണ്. നിലവില്‍ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. നാലുടണ്‍ വരെ ഒരു വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയും.

മുഴുവനായും ഓണ്‍ലൈനായാണ് സേവനങ്ങള്‍. കൂടുതല്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കാനായി ഒരു വര്‍ഷത്തേക്ക് ലാംഡിംഗ് പാര്‍ക്കിംഗ് ഫീസുണ്ടാകില്ല. ആദ്യ കാര്‍ഗോ സര്‍വീസ് ഷാര്‍ജയിലേക്കായിരുന്നു. കാര്‍ഗോ വിമാനങ്ങളെ കണ്ണൂരില്‍ എത്തിക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തി.മലബാറിലെ കയറ്റുമതി സാധ്യതയുള്ള എല്ലാ വ്യവസാ യങ്ങള്‍ക്കും കാര്‍ഗോ സര്‍വീസ് സഹായകമാകും. കണ്ണൂരില്‍ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസ് തുടങ്ങണമെന്ന് നിരന്തരം സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് കാര്‍ഗോ സര്‍വ്വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.