Thursday, May 16, 2024
indiakeralaNews

ഓക്‌സിജന്‍; കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തറവിറക്കി. കൂടുതല്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.14, 15 തീയതികളില്‍ കേരളത്തില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അടിയന്തരമായി 300 മെട്രിക്ക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. കാറ്റും മഴയും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താന്‍ ഇടയുണ്ട്. ഓക്‌സിജന്‍ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയില്‍ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ഉടന്‍ 300 മെട്രിക്ക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംസ്ഥാനത്തിന് ലഭ്യമാക്കണമെനന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.