Saturday, May 18, 2024
keralaNews

ഊരുമൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം

അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പൊലീസ് സംഘം മര്‍ദ്ദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടുകയും മുരുകന്റെ പതിനേഴ് വയസുള്ള മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ അടിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരെ നല്‍കിയ പരാതിയുമായിരിക്കും പ്രത്യേക സംഘം അന്വേഷിക്കുക. സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരുഷമായി ഇടപെടേണ്ടി വന്നതെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം.അതേസമയം മുരുകന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരുടെ അയല്‍വാസി

കറുതാ ചലത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കറുതാ ചലത്തിന്റെ പരാതിയില്‍ മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിനെതുടര്‍ന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ് സംഘം.