Tuesday, May 14, 2024
keralaNewspolitics

ഉമ്മന്‍ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ല : ഇപി ജയരാജന്‍

ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് സര്‍ക്കാര്‍ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഉമ്മന്‍ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താന്‍ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതല്‍ ചേരുന്നത് കോണ്‍ഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫുമെന്നും കുറ്റപ്പെടുത്തി.

സിപിഎം സംഘടനാ സംവിധാനം എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ തീരുമാനം ഉടനുണ്ടാകും. തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്ന് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇഎംഎസിനും നായനാര്‍ക്കും എതിരെ മത്സരം ഉണ്ടായിട്ടില്ലേയെന്ന് ചോദിച്ച ഇടത് കണ്‍വീനര്‍, ദുര്‍ബല രാഷ്ട്രീയമുള്ളവരാണ് തെരഞ്ഞെടുപ്പ് ഭയപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും വിശദീകരിച്ചു.

രാഷ്ട്രീയമായ ആശയ പ്രചരണത്തിനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തതില്‍ അങ്ങേ അറ്റത്തെ അഭിമാനമുണ്ട്. അ സംസ്‌കാരം കോണ്‍ഗ്രസിന് ഇല്ലാതെ പോയല്ലോ. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം അപക്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ച ഇടത് മുന്നണി യോഗത്തില്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ധാരണ ഉണ്ടെന്നും അതനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് നയത്തോട് ആഭിമുഖ്യമുള്ള പല പാര്‍ട്ടികളും യുഡിഎഫ് വിട്ടുവരാന്‍ തയ്യാറാകുന്നുണ്ട്. ആരെങ്കിലും വരുന്നതല്ലാതെ ആരെങ്കിലും വിട്ടുപോകുന്ന പ്രശ്‌നം ഇടത് മുന്നണിയിലില്ലെന്നും ഇപി ജയരാജന്‍ ചൂണ്ടിക്കാട്ടി.