Monday, May 20, 2024
EntertainmentkeralaNews

ആത്മഹത്യക്കു ശ്രമിച്ച ബാല്യം

ലളിതയുടെ ബാല്യക്കാലത്ത കായംകുളത്തെ 24 സെന്റ് സ്ഥലത്തെ കൂരയുടെ മുറ്റത്ത് ഒരു നാലുമണിച്ചെടിയുണ്ടായിരുന്നു. വൈകുന്നേരമായാല്‍ ലളിതയുടെ അമ്മ അതിലേക്കു നോക്കിയിരിക്കും പൂക്കള്‍ വിരിയാന്‍. നാലുമണിക്ക് പൂവിരിയുമ്പോള്‍ ലളിത സ്‌കൂളില്‍നിന്നു വീട്ടിലെത്തണമെന്നാണു നിയമം.സ്‌കൂള്‍ വിടുന്നത് നാലിന്. ഓടിക്കിതച്ച് വീട്ടിലെത്താന്‍ 10 മിനിറ്റെടുക്കും. വന്നുകയറിയാലുടന്‍ ചോദ്യം ചെയ്യലായി, തല്ലായി. അയല്‍ക്കാരൊക്കെ ലളിതയോടു ചോദിക്കും, ‘നിന്നെ അമ്മ പെറ്റതാണോ, എടുത്തുവളര്‍ത്തിയതാണോ’ എന്ന്. അമ്മയുടെ കൈയില്‍ ലളിതയെ തളയ്ക്കാന്‍ കയറും അടിക്കാന്‍ ഒരു വടിയും എപ്പോഴുമുണ്ടായിരുന്നു.ഒരു ഓണത്തിന്, അമ്മയുടെ തല്ലു സഹിക്കാനാവാതെ ലളിത ആത്മഹത്യക്കു ശ്രമിച്ചു. ഫോട്ടോഗ്രഫറായിരുന്ന അച്ഛന്റെ കൈവശമുണ്ടായിരന്ന സില്‍വര്‍ നൈട്രേറ്റ് കലക്കിക്കുടിക്കുകയായിരുന്നു. രാത്രിമുഴുവന്‍ ഛര്‍ദ്ദിച്ചു. മുഖമാകെ ചീര്‍ത്തു. മരിക്കാഞ്ഞത് ഭാഗ്യംകൊണ്ടുമാത്രം. നാടോടിയായി അലഞ്ഞുനടന്ന അച്ഛന്റെ ഉത്തരവാദിത്തമില്ലായ്മയും, വീട്ടിലെ ദാരിദ്ര്യവും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും എല്ലാം ചേര്‍ന്ന് അമ്മയെ വല്ലാത്തൊരവസ്ഥയിലെത്തിച്ചിരുന്നു.

അക്കാലത്ത്. പേരുകേട്ട തറവാട്ടുകാരിയായിട്ടും ഒന്നുമില്ലാത്ത അവസ്ഥയില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നവള്‍ക്ക് ആരോടെങ്കിലും പൊട്ടിത്തെറിച്ചേ മതിയാവുള്ളല്ലോ…

തൊടുപുഴയില്‍ താമസിക്കുമ്പോള്‍ ഒരു രാഷ്ട്രീയകൊലക്കേസുമായി ബന്ധപ്പെട്ട് അച്ഛന്‍ ഒളിവില്‍ പോയത് അമ്മ ഗര്‍ഭിണിയായിരുന്ന കാലത്താണ്. രാവും പകലും പൊലീസ് വീട്ടില്‍ കയറി നിരങ്ങി. അമ്മ പെറ്റ ഇരട്ടക്കുട്ടികളെ കാണാന്‍ അച്ഛനെത്തുമെന്നു കരുതി പൊലീസ് ചുറ്റും തമ്പടിച്ചു. അതറിഞ്ഞതിനാല്‍ അഞ്ചാം നാള്‍ കുട്ടികളിലൊന്ന് മരിച്ചപ്പോള്‍പോലും അച്ഛന്‍ ആവഴി വന്നില്ല.
ഭരതന്റെ അകാലനിര്യാണത്തിനുശേഷവും ലളിത ഏറെ കഷ്ടപ്പെട്ടിരുന്നു. സിനിമകളില്‍ തമാശ പറഞ്ഞും കുശുമ്പു കാട്ടിയും കുസൃതി കാട്ടിയും പ്രേക്ഷകരെ ചിരിപ്പിച്ച ലളിതയ്ക്ക് പക്ഷേ, ആരെയും കരയിപ്പിക്കാന്‍ ഇഷ്ടമല്ലാത്തതിനാല്‍ സ്വന്തം കണ്ണുനീര്‍ മറച്ചു പിടിച്ചു. ഭരതന്‍ പോയപ്പോള്‍ ഒരു കോടിയോളം രൂപയായിരുന്നു കടമെന്ന് ലളിത പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.