Thursday, May 2, 2024
indiaNewsworld

അഫ്ഗാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍.

അഫ്ഗാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. എല്ലാവരും ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളും തുടങ്ങി. സേനാപിന്‍മാറ്റത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് വ്യക്തമാക്കിയ യുഎസ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് 500 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത താലിബാന്‍ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ സജീവമാക്കി. കാബൂളിലെ സ്ഥിതി പൊതുവേ ശാന്തമാണെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമം ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണ ജനജീവിതം സമാനതകളില്ലാതെ ദുരിതത്തില്‍ തുടരുകയാണ്. ബാങ്കുകള്‍ പൂട്ടി. മിക്കപ്രദേശങ്ങളിലും വൈദ്യുതിയും കുടിവെള്ളവിതരണവും തടസപ്പെട്ടു. യുഎസ് നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ കൂട്ടപ്പലായനത്തിനുള്ള ശ്രമം തുടരുകയാണ്. കാബൂള്‍ വിടാനൊരുങ്ങുന്ന യുഎസ് സേനാവിമാനത്തിനുള്ളില്‍ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്‍മാര്‍ തിങ്ങിനിറഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നു.യുഎസിന് പുറമേ അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടനും. അഫ്ഗാനിസ്ഥാന്‍ പോരാടാന്‍ തയാറല്ലാത്ത യുദ്ധത്തില്‍ ഇടപെടാനില്ലെന്നാണ് സേന പിന്മാറ്റത്തില്‍ ഉറച്ചുനിന്നുള്ള യു.എസ് നിലപാട്. താലിബാനുമായുള്ള ചെറുത്തുനില്‍പ്പില്‍ അഫ്ഗാന്‍ പാടെ പരാജയപ്പെട്ടെന്നും അധിനിവേശം പ്രതീക്ഷിച്ചതിലും നേരത്തെയായെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ സ്ഥിതി വിലയിരുത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് നാളെ അടിയന്തര യോഗം ചേരും. രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന സ്വദേശികളെയും വിദേശികളെയും അതിനനുവദിക്കണമെന്ന് 60 രാജ്യങ്ങളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിറക്കി.