Thursday, May 9, 2024
Local NewsNews

അങ്കമാലി – ശബരി റെയില്‍വേ അവഗണനക്കെതിരെ എരുമേലിയില്‍ പ്രതിഷേധ യോഗം

എരുമേലി : 1997 – 98-ൽ അനുമതി ലഭിച്ച ശബരി റയിൽവേ പദ്ധതി കാൽ നൂറ്റാണ്ടായി ഇഴഞ്ഞുനീങ്ങുന്നതിൽ ശബരി റെയിൽ സെൻട്രൽ ആക്ഷൻ കമ്മറ്റിയും, വിവിധ രാഷ്ട്രീയ സാമുദായിക -സന്നദ്ധ സംഘടനകളും, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ എരുമേലിയിൽ പ്രതിഷേധ യോഗം നടത്തി. 264 കോടി ചിലവഴിച്ച് 7 കിലോമീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും, പെരിയാറിനു കുറുകെ ഒരു കിലോമീറ്റർ നീളമുള്ള പാലവും നിർമ്മിച്ച അങ്കമാലി -ശബരി വൈകുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ശബരി റെയിൽവേ പദ്ധതി എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും തീർത്ഥാടന കേന്ദ്രങ്ങളായ എരുമേലി യ്ക്കും ഭരണങ്ങാനത്തിനും രാമപുരത്തിനും കാലടിയ്ക്കും 14 നഗരങ്ങൾക്കും ടൂറിസം കേന്ദ്രങ്ങൾക്കും വ്യവസായ കാർഷിക മേഖലകൾക്കും വലിയ വികസന നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്ന അങ്കമാലി -ശബരി റെയിൽവേ പദ്ധതിയുടെ നിർമ്മാണം എത്രയും വേഗത്തിൽ പുനരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചിലത്താൻ യോഗം തീരുമാനിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരികളുടെയും അയ്യപ്പസേവ സംഘത്തിന്റെയും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റെയിൽ പാത കടന്നു വരുന്ന മേഖലയിലെ മുഴുവൻ ജനപ്രതിനിധികളെയും പൗര പ്രമുഖരെയും പങ്കെടുപ്പിച്ചു ആഗസ്റ്റിൽ വിപുലമായ സമ്മേളനം എരുമേലിയിൽ നടത്താൻ യോഗം തീരുമാനിച്ചു.  പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ചെയർപേഴ്സണും അനിയൻ എരുമേലി കൺവീനറായും ആക്ഷൻ കൗൺസിൽ വിപുലീകരിച്ചു. പ്രതിക്ഷേധ സമ്മേളനത്തിന് കോർ കമ്മിറ്റി രൂപീകരിക്കാൻ യോഗം വിളിക്കാൻ രക്ഷാധികാരിയെയും ചെയർപേഴ്സണെയും കൺവീനറെയും യോഗം ചുമതലപ്പെടുത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ MLA  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉത്ഘാടനം ചെയ്തു. അനിയൻ എരുമേലി സ്വാഗതം ആശംസിച്ചു. Adv. PA സലീം, V I അജി, ബിനോയി ഇലവുങ്കൽ, നാസർ പനച്ചി, ബിനു മറ്റക്കര , ജോസ് പഴയ തോട്ടം, റജി അമ്പാറ, SNDP ശാഖാ സെക്രട്ടറി ഷാജി നെൽ പുരയ്ക്കൽ,TV ജോസഫ്, പി എ ഇർഷാദ്, ബിനു ചാലക്കുഴി, P.K. റസാക്ക്, ബിനു ചാലക്കുഴി, വിജി, സെൻട്രൽ ആക്ഷൻ കൗൺസിലിനെ പ്രതിനിധീകരിച്ചു, ബാബു പോൾ Ex MLA, ഡിജോ കാപ്പൻ , ജിജോ പനച്ചിനാനി എന്നിവർ സംസാരിച്ചു.