Monday, May 20, 2024
keralaNews

മുല്ലപ്പെരിയാര്‍ ;മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്.

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കോട്ടയം കുമളി റോഡില്‍ കക്കികവലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുന്നറിയിപ്പില്ലാതെ തുറന്ന 10 ഷട്ടറുകളില്‍ എട്ടും അടച്ചു.രണ്ട് ഷട്ടറുകള്‍ 30 സെമീ വീതം തുറന്ന് 841 ഘനയടി വെള്ളം ഒഴുക്കുന്നു. ജലനിരപ്പ് 142 അടിയില്‍ തുടരുന്നു.നീരൊഴുക്ക് കുറഞ്ഞു.കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് സ്പില്‍വെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്റില്‍ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് സ്പില്‍വെ ഷട്ടറുകള്‍ തുറന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. മുന്‍കൂട്ടി അറിയിക്കാത്തതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാര്‍ തീരത്തെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയതും ആശങ്കയാണ്.പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. ഉയര്‍ത്തിയ പത്ത് ഷട്ടറുകളില്‍ എട്ടെണ്ണം അടച്ചു. 30 സെന്റിമീറ്റര്‍ വീതം രണ്ട് ഷട്ടറുകള്‍ ഇപ്പോഴും ഉയര്‍ത്തിയിട്ടുണ്ട്. സെക്കന്റില്‍ 841 ഘനയടിയോളം വെള്ളം ഒഴുക്കും.കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളില്‍ ആയി പത്തു വീടുകളില്‍ വെള്ളം കയറി.പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി.മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് ധിക്കാരപരമായ നടപടിയെന്ന് പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍ പ്രതികരിച്ചു. 11 മണിക്ക് സര്‍വ കക്ഷി യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേ?ഹം പറഞ്ഞു.