Wednesday, May 22, 2024
keralaNews

ആശങ്കയായി കോവിഡിന്റെ പുതിയ വകഭേദം ‘ഐഎച്ച്യു’

ആശങ്കയൊഴിയുമെന്ന് കരുതിയ കൊവിഡ് അതിരൂക്ഷമായ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ ഐഎച്ച്യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ വകഭേദത്തിന് ഐഎച്ച്യു (ബി.1.640.2 വകഭേദം) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ മാര്‍സേയില്‍ പന്ത്രണ്ടോളം പേര്‍ക്കാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇവര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള പുതിയ വകഭേദത്തിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാക്‌സീനുകളെ അതിജീവിക്കാന്‍ ഇതിന് കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വ്യാപനശേഷി, രോഗതീവ്രത എന്നിവയെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.ഇത് മറ്റെവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയോ ലോകാരോഗ്യ സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.