Thursday, May 2, 2024
keralaNews

ഒമിക്രോണ്‍; കടുപ്പിച്ച് തമിഴ്നാട്,പൊങ്കല്‍ ആഘോഷങ്ങള്‍ നിരോധിച്ചു

ചെന്നൈ: കൊറോണ കേസുകള്‍ ഉയരുന്നതില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്. സംസ്ഥാനത്ത് പൊങ്കല്‍ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം പൊങ്കലുമായി ബന്ധപ്പെട്ട എല്ലാവിധ ആഘോഷങ്ങളും ഒത്തുകൂടലുകളും നിലവിലെ സാഹചര്യത്തില്‍ നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജനുവരി 14 മുതല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടത്തുന്ന എല്ലാവിധ ആഘോഷങ്ങളും നീട്ടിവെച്ചതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി. കോളേജുകളില്‍ നടത്തുന്ന പൊങ്കല്‍ പരിപാടികള്‍, റാലികള്‍, മതപരമായ ഒത്തുകൂടലുകള്‍ തുടങ്ങി ഒന്നുംതന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തരുതെന്നാണ് നിര്‍ദേശം.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള തീരുമാനം നിലവില്‍ വന്നത്. ആരാധനാലയങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും സംസ്ഥാനത്ത് നിരോധിച്ചു. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണാണ്. അന്നേദിവസം റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയില്ല. രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ വീടുകളില്‍ ഭക്ഷണം എത്തിച്ച് നല്‍കും.

പൊതുഗതാഗതങ്ങളായ ബസ്, ട്രെയിന്‍, മെട്രോ എന്നിവയില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആളുകളെ അനുവദിക്കാവൂ. രാത്രികാല കര്‍ഫ്യൂ പത്ത് മണി മുതല്‍ തുടങ്ങി രാവിലെ അഞ്ചിന് അവസാനിക്കും. ഒന്നു് മുതല്‍ ഒമ്പത് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാകുക. 10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഓഫ്ലൈന്‍ ക്ലാസുകള്‍ അനുവദിക്കുക.