Saturday, May 18, 2024
keralaNewsObituary

റാന്നിയിലെ ആശുപത്രിയിലേക്ക് എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ മാര്‍ച്ച്

റാന്നി: സ്‌കൂളില്‍ വീണ് പരിക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍, ചികിത്സ പിഴവ് ആരോപിച്ച് റാന്നി മാര്‍ത്തോമാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളില്‍ വീണ് പരിക്കേറ്റ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി വര്‍ഗീസാണ് ചികിത്സയ്ക്കിടെ മരിച്ചത്. അസ്വാഭാവിക മരണത്തിന് സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടുവെന്നാണ് സംഭവത്തില്‍ റാന്നി മാര്‍ത്തോമ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ വിശദീകരണം. നില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പറഞ്ഞുവിട്ട ശേഷമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നതിനിടെയാണ് സിപിഎം അനുകൂല വിദ്യാര്‍ത്ഥി – യുവജന സംഘടനകള്‍ യോജിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നത്.