Saturday, May 18, 2024
keralaNewsObituary

ആദ്യകാല നടിയും ​ഗായികയുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു.

കൊല്ലം: ആദികാല സിനിമ – നാടക നടിയും ​ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി(80) അന്തരിച്ചു.രോ​ഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഞായറാഴ്ചയാണ് അന്ത്യം. കേരളത്തിലെ ഹിറ്റ് നാടക ഗാനങ്ങളിൽ ഒന്നായിരുന്ന ‘കണ്ണു തുറക്കാത്ത ദൈവങ്ങളേ’ എന്ന ഗാനം ആലപിച്ചത് അമ്മിണി ആയിരുന്നു. കൂടാതെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.കൊച്ചി തോപ്പുംപടി സ്വദേശിയായ മേരി ജോൺ എന്ന അമ്മിണി 12-ാം വയസ്സിൽ നാടകവേദിയിലൂടെയാണ് കലാ രം​ഗത്തേക്ക് എത്തുന്നത്.
കെപിഎസി, കാളിദാസ കലാകേന്ദ്ര, കലാനിലയം, ആലപ്പി തിയറ്റഴ്സ്, കലാഭവൻ തുടങ്ങിയ ഒട്ടേറെ ട്രൂപ്പുകളിൽ നൂറോളം നാടകങ്ങളിൽ നടിയും ഗായികയുമായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സർവേകല്ല് എന്നീ നാടകങ്ങളിൽ പാടി അഭിനയിച്ചു.
1961ൽ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യത്തെ കളർ ചിത്രമാണ് കണ്ടം ബച്ച കോട്ടിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തോക്കുകൾ കഥ പറയുന്നു, ഉണ്ണിയാർച്ച, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, വാഴ്കേ മായം, ജനനി ജന്മഭൂമി തുടങ്ങി ഒട്ടേറേ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ശാരദ, കെ.ആർ.വിജയ, ബി.എസ്.സരോജ, വിജയ നിർമല, ഉഷാകുമാരി തുടങ്ങിയവരുടെ സിനിമകളിൽ ശബ്ദം നൽകിയ മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റും ആയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പൂർണിമ ജയറാമിനും ശബ്ദം നൽകി. സീരിയലുകളിലും അഭിനയിച്ചു.സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ.മാധവൻ പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മകൾ ഏയ്ഞ്ചൽ റാണി, മരുമകൻ സുജയ് മോഹൻ എന്നിവർക്കൊപ്പം വിദേശത്തായിരുന്ന അമ്മിണി 2 മാസം മുൻപാണ് നാട്ടിലെത്തിയത്.