Monday, May 20, 2024
indiaNews

ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഖവാജ്പുരില്‍ ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍. റാംകുമാര്‍ യാദവ് (55), ഭാര്യ കുസും ദേവി (52), മകള്‍ മനീഷ (25), മരുമകള്‍ സവിത (27), പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് മരിച്ചത്. മറ്റൊരു പേരക്കുട്ടി (5) രക്ഷപ്പെട്ടു. സംഭവസമയത്ത് റാംകുമാറിന്റെ മകന്‍ സുനില്‍ (30) വീട്ടിലുണ്ടായിരുന്നില്ല.

ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നു തീ ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഇവര്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സവിതയും മകള്‍ മീനാക്ഷിയും കിടന്നിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. റാംകുമാറും ഭാര്യയ്ക്കും ജീവനുണ്ടായിരുന്നെങ്കിലും അധികം വൈകാതെ മരണത്തിനു കീഴടങ്ങി. പിന്നീടാണ് മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.

അഞ്ച് പേരുടെയും തലയ്ക്ക് ശക്തമായ അടിയേറ്റിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണത്തിന് ഏഴു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവരോട് ആര്‍ക്കും ശത്രുതയുള്ളതായി വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കലക്ടര്‍ സഞ്ജയ് കുമാര്‍ ഖത്രി സ്ഥലം സന്ദര്‍ശിച്ചു.