Monday, May 20, 2024
Newsworld

അമേരിക്കയില്‍ വീണ്ടും വംശീയ കൊലപാതകം

സ്വന്തം കാറില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചതിന് കറുത്തവര്‍ഗക്കാരനായ യുവാവിനെ വെടിവച്ചുകൊന്നു. അമേരിക്കയിലെ ടെന്നസിലാണ് സംഭവം. കൊലപാതകത്തില്‍ ഗ്രിഗറി ലിവിങ്സണ്‍ എന്ന മുന്‍ പോലിസ് ഉദ്ദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇതൊരു വംശീയ അക്രമണമാണെന്നും കറുത്ത വര്‍ഗക്കാരനായതിനാല്‍ മാത്രമാണ് മോട്ട്‌ലെ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

ടെന്നസിലെ മെംഫിസിലുള്ള ക്രൊഗെര്‍ ഗ്യാസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ആല്‍വിന്‍ മോട്ട്‌ലെ ജൂനിയര്‍ എന്ന യുവാവ് സഞ്ചരിച്ച കാറില്‍ ഉച്ചത്തില്‍ പാട്ട് പ്ലേ ചെയ്തത് വെള്ളക്കാരനായ ലിവിങ്സണ്‍ ചോദ്യം ചെയ്ത് കയര്‍ത്തു സംസാരിച്ചു. തുടര്‍ന്ന് ലിവിങ്സനടുത്തേക്ക് നടന്നുചെന്ന മോട്ട്‌ലെയെ അദ്ദേഹം വെടിവയ്ക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. മോട്ട്‌ലെ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡായ ലിവിങ്സണ് വെടിയുതിര്‍ക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആല്‍വിന്‍ മോട്ട്‌ലെക്ക് ഈ നാട്ടില്‍ ജീവിക്കാനും, ഗ്യാസ് സ്റ്റേഷനില്‍ നിന്നും ഗ്യാസ് നിറക്കുവാനും, പാട്ട് കേള്‍ക്കാനും എല്ലാ അവകാശവുമുണ്ട്, കാരണം ഇത് അമേരിക്കയാണ്. എത്ര ഉച്ചത്തില്‍ പാട്ടുവെച്ചാലും അതിന്റെ പേരില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ യുവാവിനെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മോട്ട്‌ലെയുടെ കുടുംബത്തിന്റെ അഭിഭാഷകനും പ്രശസ്ത നിയമജ്ഞനുമായ ബെന്‍ ക്രംബ് പറഞ്ഞു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പിതാവ് ആല്‍വിന്‍ മോട്ട്‌ലെ സീനിയറും മാധ്യമങ്ങളോട് പറഞ്ഞു. ഷിക്കാഗോ സ്വദേശിയായ 48കാരന്‍ മോട്ട്‌ലെ ബിസിനസ് ആവശ്യത്തിനും സുഹൃത്തുക്കളെ കാണുന്നതിനുമായിരുന്നു ടെന്നസിലെത്തിയത്. അറിയപ്പെടുന്ന പ്രാദേശിക സെലിബ്രിറ്റിയായിരുന്നു മോട്ട്‌ലെയെന്ന് ചിക്കാഗോയിലെ മാധ്യമപ്രവര്‍ത്തകയായ സിമോണ്‍ വൂള്‍റിഡ്ജ് ട്വീറ്റ് ചെയ്തു. ഒരു നടന്‍ ആയി മാറണമെന്നായിരുന്നു മോട്ട്‌ലെയുടെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു