Saturday, May 18, 2024
keralaNews

അടുത്ത 5 ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴ

തിരുവനന്തപുരം :അടുത്ത 5 ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴ. ജൂണ്‍ 7,8,9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച മുതല്‍ തെക്കേ ഇന്ത്യയില്‍ മഴ സജീവമാകാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. മിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമില്ല.