Thursday, April 25, 2024
keralaNewsUncategorized

കോര്‍പ്പറേഷന്‍ അറിയാതെ സോണ്ട ഇന്‍ഫ്രാടെക്കാണ് ഉപകരാര്‍ നല്‍കി

കൊച്ചി: ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനം വിവാദ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്ക് കോര്‍പ്പറേഷന്‍ അറിയാതെ സോണ്ട ഇന്‍ഫ്രാടെക്കാണ് ഉപകരാര്‍ നല്‍കിയതിന്റെ സുപ്രധാന രേഖകള്‍ പുറത്ത് . ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് സോണ്ട ഇന്‍ഫ്രാടെക്ക് 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗില്‍ പ്രവര്‍ത്തി പരിചയമില്ല. കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ സോണ്ട ഇന്‍ഫ്രാടെക്ക് 54 കോടിയുടെ കരാറില്‍ 22 കോടിയോളം രൂപക്കാണ് ഉപകരാര്‍ നല്‍കിയത്. ബയോമൈനിംഗില്‍ സോണ്ടക്ക് മുന്‍പരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സോണ്ട ഇന്‍ഫ്രാടെക്ക് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബ്രഹ്‌മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്‌മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നല്‍കിയ സമയക്രമം കോടതി അംഗീകരിച്ചു. ഉടന്‍, ഹ്രസ്വ, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും.   ഖരമാലിന്യ സംസ്‌കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ നല്‍കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിക്കും. ഭാവിയില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്‌കരണ സൗകര്യം രൂപകല്‍പ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി.