പെര്‍ത്ത്: 2023ലെ വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി 13-കാരനായ വരുണ്‍ ആനന്ദ്. അവയവങ്ങള്‍ ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ നടത്തുന്നതാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. സ്വന്തം അമ്മയില്‍ നിന്നുതന്നെ വൃക്ക സ്വീകരിച്ച വരുണ്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമായിരുന്നു കായികമേളയില്‍ പങ്കെടുത്തത്. സ്വര്‍ണ മെഡല്‍ നേടിയ വരുണ്‍ എറണാകുളം സ്വദേശികളായ ദമ്പതിമാരുടെ മൂത്തമകനാണ്.ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി കുടുംബത്തില്‍ നിന്നുള്ള വരുണ്‍, ഗെയിംസില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ മത്സരാര്‍ത്ഥിയാണ്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന ഗെയിംസില്‍ ബാഡ്മിന്റണ്‍ വിഭാഗത്തിലെ 10-14 കാറ്റഗറിയിലാണ് വരുണ്‍ ഇന്ത്യയുടെ അഭിമാനമായത്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന അമ്മ ദീപയാണ് ക്രോണിക് കിഡ്നി ഡിസീസ് ബാധിച്ച മകന്‍ വരുണിന് വൃക്ക ദാനം ചെയ്തത്. അവയവ ദാതാവായ അമ്മയും ഗെയിംസിലെ മത്സരാര്‍ത്ഥിയാണ്. ആനന്ദ് അനന്തരാമനാണ് വരുണിന്റെ പിതാവ്. കലൂര്‍-കടവന്ത്ര റോഡിലെ കുമാരനാശാന്‍ നഗറിലാണ് ആനന്ദിന്റെ വീട്. ബിവിഎം ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വരുണ്‍.