Thursday, April 25, 2024
Local NewsNews

വാഹനങ്ങൾ കടത്തിവിട്ടില്ല; തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

എരുമേലി: ശബരിമല ദർശനത്തിയ തീർത്ഥാടകരുടെ വാഹനം എരുമേലിയിൽ നിന്നും പോലീസ് കടത്തിവിടാത്തിൽ പ്രതിഷേധിച്ച് അയ്യപ്പന്മാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്ന് രാവിലെ എരുമേലിയിലെ വലിയ അമ്പലത്തിന് സമീപമായിരുന്നു സംഭവം. എരുമേലിയിലെ മറ്റ് സ്വകാര്യ പാർക്കിംഗ് മൈതാനങ്ങളിൽ നിന്നും വാഹനങ്ങൾ ഇറക്കി വിടുന്നുവെന്നും എന്നാൽ ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ബോർഡ്  മൈതാനങ്ങളിൽ നിന്നുമാണ് വാഹനങ്ങൾ ഇറക്കിവിടാതെ പോലീസ് തടഞ്ഞിട്ടിരിക്കുന്നതെന്നും തീർത്ഥാടകർ പറഞ്ഞു. ഇന്ന് വെളുപ്പിനെ മുതൽ എരുമേലി അടക്കം തീർത്ഥാടന കേന്ദ്രങ്ങളെല്ലാം തീർത്ഥാടകരുടെ നിയന്ത്രാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. മഴയും ശക്തമായതോടെ കടുത്ത ദുരിതത്തിലാണ് കേന്ദ്രങ്ങൾ . ഇതിന് പുറമെയാണ് ഇന്ന് വെളുപ്പിനെ കണമല അട്ടിവളവിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറിന് മുകളിൽ മറിഞ്ഞ് വീണ് അപകടം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണമല വഴിയുള്ള യാത്രക്ക് പോലീസ്  നിയന്ത്രണം  ഏർപ്പെടുത്തിയത്. എന്നാൽ മഴ വീണ്ടും ശക്തി പ്രാപിക്കുന്നതിനോടെ കൂടുതൽ ദുരിതമാകാനാണ് സാധ്യത. പാർക്കിംഗ് മൈതാനങ്ങളിൽ മണിക്കൂറുകളോളം തീർത്ഥാടകർ കിടന്നതുപോലയാണ് തിരക്ക് മൂലം റോഡിലും തീർത്ഥാടകർ കിടക്കുന്നത്. എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള തീർത്ഥാടന പാതയും , പ്രധാന കേന്ദ്രങ്ങളും ഇതിനകം നിറഞ്ഞു കഴിഞ്ഞു. ശബരിമലയിൽ ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിനായി വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് .