Friday, April 19, 2024
indiaNews

ഏഴര മണിക്കൂര്‍, 893 പേര്‍ക്ക് വാക്സിന്‍; നഴ്സ് പുഷ്പലതയെ മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി അഭിനന്ദിച്ചു

ഏഴര മണിക്കൂര്‍ കൊണ്ട് 893 പേര്‍ക്ക് വാക്‌സീന്‍ നല്‍കി റെകോര്‍ഡ് തീര്‍ത്ത നഴ്സ് പുഷ്പലതയെ അഭിനന്ദിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സായ പുഷ്പലതയെ പൊന്നാട അണിയിച്ച് ആദരിച്ചു.പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയ നഴ്സ് പുഷ്പലത ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൂട്ടായ പ്രവര്‍ത്തനമാണ് പിന്‍ബലമെന്നായിരുന്നു ഇക്കാര്യത്തില്‍ പുഷ്പലതയുടെ പ്രതികരണം. സംഘാങ്ങളായ ജെഎച്ച്ഐമാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരേയും മന്ത്രി അഭിനന്ദിച്ചു.