Wednesday, April 24, 2024
keralaLocal NewsNews

കാനന പാതയിൽ അഴിച്ചു മാറ്റിയ കുടിവെള്ള പൈപ്പുകൾ  സ്ഥാപിച്ചില്ല

എരുമേലി:ശബരിമല തീർത്ഥാടകർക്കായി പരമ്പരാഗത കാനന പാതയിൽ വർഷങ്ങൾക്ക് മുമ്പ്  സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ  അറ്റകുറ്റ  പണിക്കായി തിരിച്ചെടുത്തെങ്കിലും ഇതുവരെ  പുനസ്ഥാപിച്ചില്ല.പരമ്പരാഗത കാനനപാതയിലെ ഇരുമ്പൂന്നിക്കര മുതൽ കോയിക്കക്കാവ് വരെയുള്ള പാതയിലാണ് 1990 ൽ ട്രൈബൽ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ആറ് കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ  പൈപ്പുകളുടെ അറ്റകുറ്റ പണിക്കായി ചില പൈപ്പുകൾ അഴിച്ചു മാറ്റി – ചിലത് കാണാതെ പോയി. ചിലത് സാമൂഹ്യ  വിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പൈപ്പ് പോലും സ്ഥാപിക്കാൻ , പൈപ്പ് അഴിച്ചവർക്കോ – മറ്റ് അധികാരികൾക്കോ കഴിഞ്ഞില്ല.
എന്നാൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗം രജനി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ  കോയിക്കക്കാവിൽ ടാങ്ക് നിർമ്മിച്ചെങ്കിലും തുടർ നടപടികൾക്കായി ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓരോ തീർത്ഥാടന നാളിലും ആയിരക്കണക്കിന് അയ്യപ്പന്മാർ  നടന്നു പോകുന്ന പരമ്പരാഗത കാനന പാതയിൽ വെള്ളം കുടിക്കമെങ്കിൽ പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇന്നും തീർത്ഥാടകർ.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങളാണ് അധികൃതർ ചില വഴിക്കുന്നത്. എന്നാൽ കാനനപാതയിൽ  കുറച്ച് ദൂരം നടക്കുന്ന തീർത്ഥാടകർക്ക് ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.നാട്ടുകാരനായ വരമ്പനാൽ കുഞ്ഞു നാരായണനാണ്  തുമരംപാറയ്ക്ക് സമീപം  കുടിവെള്ള പദ്ധതിക്കായി ടാങ്ക് സ്ഥാപിക്കാൻ സൗജന്യമായി സ്ഥലം നൽകിയത്.ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല നാട്ടുകാർക്കും ഏറെ പ്രയോജനപ്പെടുന്ന കുടിവെള്ള പൈപ്പുകൾ പുനസ്ഥാപിക്കാൻ  ഇനിയെങ്കിലും ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.