Saturday, April 20, 2024
keralaNews

ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.

കുമളി :കുമളിക്ക് സമീപം തമിഴ്‌നാട്ടില്‍ ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണംവിട്ട് മറിയുകയിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ 2 പേര്‍ക്കു പരുക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായിരുന്നു വാഹനത്തില്‍. പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഒരു കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55),ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.കുമളി – കമ്പം റൂട്ടില്‍ തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ആദ്യ പെന്‍സ്റ്റോക്ക് പൈപ്പിന് സമീപം ഇന്നലെ രാത്രി 11നാണ് അപകടം. 40 അടി താഴ്ചയില്‍ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. കമ്പത്തുനിന്നുള്ള പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും ഒരാളെ കമ്പത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കമ്പത്തെ ആശുപത്രിയില്‍.പെന്‍സ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന പാലമായതിനാല്‍ സാധാരണ റോഡിനെക്കാള്‍ വീതി കുറവാണ്.വാഹനത്തിന്റെ അമിതവേഗവും വളവുകള്‍ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ് പറഞ്ഞു. ഹെയര്‍പിന്‍ വളവു കയറിവന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്കു മേല്‍ പതിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു.