ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ ഒരു ദിവസം ആയിരം ഭക്തര്‍ക്ക് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയുളളത്. വാരാന്ത്യങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആക്കി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ നടവരവില്‍ വന്‍ കുറവാണുണ്ടായത്. ഇതോടെ പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ആശ്വാസമാകുന്ന തീരുമാനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ ആദ്യ ദിവസത്തെ വരുമാനം 3 കോടിയില്‍ അധികമായിരുന്നു. എന്നാല്‍ നട തുറന്ന് ഒരാഴ്ച ആകുമ്പോഴും 50 ലക്ഷത്തില്‍ താഴെ മാത്രമാണ് നടവരവ്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 350 കോടി രൂപയാണ് നഷ്ടമുണ്ടായത്. ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു.