Thursday, April 25, 2024
keralaNews

നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.

തൃശ്ശൂര്‍: നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ പുഴയ്ക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായത്. തൃശ്ശൂര്‍ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേല്‍ (25) എന്നിവരാണ് കസ്റ്റഡിയിലായത്. മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അവിവാഹിതയായ യുവതി വീട്ടിലാണ് പ്രസവിച്ചതെന്നും യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരവും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.തൃശ്ശൂര്‍ പൂങ്കുന്നത്തിന് സമീപം എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവര്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.