Friday, March 29, 2024
keralaNewspolitics

സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പ്രതിപക്ഷം ബിജെപിക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില തരാതരം കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്കാര്യം പ്രതിപക്ഷം ഓര്‍ക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ചും സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി. ബിജെപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ ജനം മുഖവിലക്ക് എടുക്കില്ല. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുകളില്‍ കൃത്യമായ മറുപടി നിയമസഭയില്‍ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.                                                                         കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ ബജറ്റിന് മുന്‍പും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. ഇപ്പോള്‍ അതിന്റെ ആവേശം കുറഞ്ഞിട്ടുണ്ട്. റിലയന്‍സിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്ത് മന്ത്രിമാരെ വരെ മാറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015ലെ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ 1 രൂപ അധിക നികുതി ഏര്‍പ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്.                                                                          സെസ് ഏര്‍പെടുത്തേണ്ടി വന്ന സാഹചര്യം സഭയില്‍ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു ആകെ കടം. 2021-22 ല്‍ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 ലെ കണക്ക് പ്രകാരം ഇത് 36.38 ശതമാനമായി. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ഈ സാമ്പത്തിക വര്‍ഷത്തില്‍ 36.05 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.                                                                                       2.46 ശതമാനം കുറവ് ഈ കാലത്തുണ്ടായി.കൊവിഡ് കാലത്ത് സര്‍ക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളര്‍ച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ കടം വര്‍ധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തില്‍ മാത്രമല്ല. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോള്‍ വരുമാനം നിലയ്ക്കുമ്പോള്‍ അസാധാരണ സാമ്പത്തിക സാഹചര്യമാവും. അതാണ് കൊവിഡ് കാലത്ത് ഇവിടെ ഉണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തില്‍ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കേരളമടക്കം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് ഇതിന് കാരണം. ഇടത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടായിരുന്നു. കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല.                                                  2020-21 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം കടത്തിന്റെ വളര്‍ച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളര്‍ച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളര്‍ച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടും. ഈ സര്‍ക്കാര്‍ കാലത്ത് തനത് വരുമാനം വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തിലധികമാണ്. ജിഎസ്ടി വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്.                                             2022-23 ല്‍ ജിഎസ്ടി വരുമാന വളര്‍ച്ച 25.11 ശതമാനമാണ്. ഇത് നികുതി ഭരണ രംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാനത്തിന്റെ മൂലധന ചെലവിലെ ഇടപെടലും കാരണം ഉയര്‍ന്നതാണ്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്.സംസ്ഥാനം കിഫ്ബിയിലൂടെ നടത്തുന്ന വികസനം കേരളത്തില്‍ എല്ലായിടത്തുമാണ്. യുഡിഎഫ് അംഗങ്ങളുടെ മണ്ഡലത്തിലടക്കം വികസനം നടത്തുന്നു. ഇതെല്ലാം മറച്ചുവെച്ച് സംസ്ഥാനത്തിനും കിഫ്ബിക്കുമെതിരെ പ്രചാരണം നടത്തുന്നു.                                                       നിത്യച്ചെലവിന് കടമെടുക്കുന്നെന്ന് ആവര്‍ത്തിച്ച് പറയുന്നു. വിദ്യാഭ്യാസ – ആരോഗ്യ ഗ്രാമവികസന ജലസേചന മേഖലകളില്‍ സംസ്ഥാനം ചെലവഴിക്കുന്ന തുക സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ സംസ്ഥാനം കടമെടുക്കുന്നില്ല. 2021-22 ല്‍ റവന്യു വരുമാനത്തില്‍ 61 ശതമാനത്തിലധികമായിരുന്നു. 2022-23 ല്‍ 50 ശതമാനമായി ഇത് കുറഞ്ഞു. 2023-24 ല്‍ ഇത് 50.4 ശതമാനമായിരിക്കും. ശമ്പളവും പെന്‍ഷനും വാങ്ങാന്‍ കേരളത്തിന് കടം വാങ്ങേണ്ടതില്ല. വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഉപയോഗിക്കുന്നത് വികസന പ്രവര്‍ത്തനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.                                                                                   വികസന ചെലവ് ധൂര്‍ത്താണെന്നു ആരെങ്കിലും പറയുമോ.പ്രതിപക്ഷ സമരം നാടിന് ഗുണകരമായ കര്യമല്ല. നമ്മുടെ രാജ്യത്ത് വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന നിലയിലാണ്. അതിന്റെ 1.4 ഇരട്ടിയാണ് കേരളത്തിലെ 2021-22 ലെ 12 ശതമാനം. സര്‍ക്കാര്‍ വകുപ്പുകളുടെ പങ്ക് കുറച്ച് കാണരുത്. മൂലധന ചെലവും വികസന ചെലവും ധൂര്‍ത്തല്ല. അങ്ങിനെ ചിത്രീകരിക്കുന്നത് ആശാസ്യമല്ല. സങ്കുചിത രാഷ്ട്രീയം വെച്ച് ഏത് വിധേനയും സര്‍ക്കാരിനെ താറടിക്കാനാണ് ശ്രമം.ബജറ്റ് കണക്ക് കാരണം റവന്യൂ ചെലവ് എസ്റ്റിമേറ്റ് 1.54 ലക്ഷം കോടി രൂപയാണ്.                                             മന്ത്രിമാര്‍ക്കും മറ്റുമുള്ള ചെലവ് 0.008 ശതമാനമാണ്. ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തും കണക്കുകള്‍ തെളിയിക്കുന്നില്ല. ഇത്തരം നുണകള്‍ക്കുള്ള മറുപടി സംസാരിക്കുന്ന കണക്കുകളും വസ്തുതകളുമാണ്. അവ ശരിയായ രീതിയില്‍ വിലയിരുത്തണം. കേന്ദ്രസര്‍ക്കാരിന്റെ അസമത്വ നയങ്ങളെ പ്രതിപക്ഷം പിന്തുണക്കുകയാണ്. കേരളത്തിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തില്‍ നിന്ന് 60 ആക്കി കുറച്ചു. ഇത് സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യതയായി. കേന്ദ്ര നികുതി വിഹിതം വെട്ടി കുറച്ചു. 17820 കോടിയാണ് 2021-22 കാലത്ത് ലഭിച്ചത്. 2022-23 കാലത്ത് 17804 കോടി രൂപയായി ഇത് കുറഞ്ഞു. ഇതൊന്നും പ്രതിപക്ഷം കാണുന്നില്ലേയെന്നും മുഖ്യമന്ത്രി.