Saturday, April 20, 2024
EntertainmentindiaNews

പഠാന്‍ 100ലധികം രാജ്യങ്ങളില്‍ റിലീസ്

മുംബൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘പഠാന്‍’ സിനിമ നാളെ തിയറ്ററുകളിലെത്തും. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് റിപ്പോര്‍ട്ട്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും ‘പഠാന്റേ’ത് എന്നാണ് പ്രതീക്ഷ. നൂറിലധികം രാജ്യങ്ങളില്‍ 2500ലധികം സ്‌ക്രീനുകളിലായിരിക്കും ‘പഠാന്‍’ റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദള്‍. അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്.’ബജ്രംഗ്ദള്‍ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്‌കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു – വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു.