പാലാ കടനാട്ടിൽ സ്കൂൾ കുട്ടികളടക്കം ആറ് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.
രണ്ടു സ്കൂൾ കുട്ടികളടക്കം ആറുപേർക്കാണ് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.നാട്ടുകാരായ നാലു പേർക്കും കടിയേറ്റു.നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ അൽജിൻ,അർജുൻ എന്നിവർക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച രാവിലെ 8.30 ന് സൈക്കിളിൽ സ്കൂളിലേക്ക് വരുമ്പോൾ വല്യാത്ത് കവലക്കു സമീപം പിന്തുടർന്നെത്തിയ പട്ടി ആക്രമിക്കുകയായിരുന്നു.ഇരുവരുടെയും കാലിലാണ് കടിയേറ്റത്.പുലർച്ചെ സ്കൂട്ടറിൽ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെ വാളി കുളത്ത് വച്ച് പിന്നാലെയെത്തി ആക്രമിച്ചു.തുടർന്ന് പാലസ് ജംഗ്‌ഷനു സമീപം രാജേഷിനെ വീട്ടിൽ കയറി കടിച്ചു മുറിവേല്‌പിച്ചു.പിന്നീട് റോഡിലൂടെ നടന്നു പോകുകയായിരുന്ന പിഴക് സ്വദേശി തോമസിനെയും വല്യാത്ത് സ്വദേശി ടാപ്പിംഗ് തൊഴിലാളി തങ്കച്ചനെയും കടിച്ചു.ഇവരെല്ലാം പ്രഥമ ശുശ്രൂഷക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
