Thursday, April 25, 2024
keralaNewsObituary

നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയതിന് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന് യുവാവിനെ തല്ലിക്കൊന്നു. മണ്ണേങ്ങോട് അത്താണിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടേയും മകന്‍ അര്‍ഷദ്(21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹക്കീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ഷദ് ബെല്‍റ്റും മരക്കഷണവും ഉപയോഗിച്ചുള്ള അടികൊണ്ടാണ് കൊല്ലപ്പെട്ടത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട അര്‍ഷദ്. കെട്ടിടത്തില്‍ നിന്നും വീണെന്ന് പറഞ്ഞാണ് ഹക്കീം, അര്‍ഷദിനെ ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതരും പോലീസും കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അര്‍ഷദിന്റെ ശരീരം മുഴുവന്‍ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമുണ്ടായിരുന്നു.സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ സംബന്ധമായ ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട അര്‍ഷദും പ്രതി ഹക്കീമും. ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഹക്കീം വളര്‍ത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മര്‍ദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് ഊരി ഇത് ഉപയോഗിച്ചും പട്ടിക കൊണ്ടും ക്രൂരമായി ഉപദ്രവിച്ചു. അടിയേറ്റ് തളര്‍ന്ന് വീണ അര്‍ഷദിനെ ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് വിവരം. ഇതിന് മുന്‍പും ഹക്കീം, അര്‍ഷദിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.