Thursday, April 18, 2024
indiaNewsUncategorized

അഭിമാനത്തോടെ മലയാളം: രാഷ്ട്രപതിയില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്

ദില്ലി: പദ്മ പുരസ്‌ക്കാരങ്ങളില്‍ അഭിമാനത്തോടെ മലയാളം. നാല് മലയാളികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീ മലയാളികള്‍ക്കാണ് ഇത്തവണ പദ്മ പുരസ്‌കാരം ലഭിച്ചത്.  സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള കര്‍ഷകനായ ചെറുവയല്‍ രാമന് സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നല്‍കിയ സംഭാവനകള്‍ക്കാണ് രാജ്യം പുരസ്‌കാരം നല്‍കി ആദരിച്ചത്. കളരിപ്പയറ്റ് പരിശീലകന്‍ എസ് ആര്‍ ഡി പ്രസാദിന് കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് രാജ്യം പുരസ്‌കാരം നല്‍കി ആദരിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന പദ്മ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് എല്ലാവര്‍ക്കും പുരസ്‌കാരം വിതരണം ചെയ്തത്. ഓസ്‌കാര്‍ നേട്ടത്തിന്റെ ഖ്യാതിയിലെത്തിയ സംഗീത സംവിധായകന്‍ എം എം കീരവാണി, നടി രവീണാ ടണ്ഡന്‍, രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുന്‍ജൂന്‍വാല എന്നിവരടക്കമുള്ളവര്‍ക്കാണ് ഇക്കുറി പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്.