Friday, April 26, 2024
keralaNews

എരുമേലി ഒഴക്കനാട് ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങുന്നു.

എരുമേലി:എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ചു. ഒഴക്കനാട് വാര്‍ഡിലെ യുഡിഎഫ് അംഗം സുനിമോള്‍ രാജിവച്ചതിന് തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ വിവാദം ഉണ്ടാക്കിയ ഭരണ മാറ്റത്തെ തുടര്‍ന്നാണ് ഒഴക്കനാട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.യു ഡി എഫ് അംഗമായിരുന്ന സുനിമോള്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒപ്പ് തെറ്റിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫ് അധികാരത്തില്‍ ഏറിയത്.ഇതിനെ തുടര്‍ന്ന് ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവും മറ്റൊരു യുഡിഎഫ് അംഗത്തിന്റെ അസാധ്യത്തില്‍ പരാജയപ്പെട്ടതും എല്‍ഡിഎഫ് ഭരണത്തിന് നേട്ടമായി.ഇതിനിടെയാണ് ഒഴക്കനാട് വാര്‍ഡിലെ അംഗം സുനിമോള്‍ക്ക് ആരോഗ്യവകുപ്പില്‍ ജോലി ലഭിക്കുന്നത്.23 വാര്‍ഡുകള്‍ ഉള്ള എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ യുഡിഎഫ് 11 ഉം, എല്‍ഡിഎഫ് 11 ഉം എന്ന നിലയിലാണ് ഉള്ളത്.യുഡിഎഫില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫില്‍ സിപിഐയിലെ ഒരംഗം ഉള്‍പ്പെടെ 11 അംഗങ്ങളാണ് എല്‍ഡിഎഫിന് ഉള്ളത്.
വഴക്കനാട് വാര്‍ഡിലെ ജയ പരാജയങ്ങള്‍ക്ക് അനുസരിച്ചാവും എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം നിലവില്‍ നിശ്ചയിക്കാന്‍ പോകുന്നത്.
ഒഴക്കനാട് വാര്‍ഡിലെ ജയം ഇരു പാര്‍ട്ടികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാകുന്നതും അതുകൊണ്ടാണ്.ആര് ജയിച്ചാലും അവരുടെ പാര്‍ട്ടിയാകും എരുമേലി ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ വരാന്‍ സാധ്യതയുള്ളത്.ഒഴക്കനാട് വാര്‍ഡില്‍ ജയിച്ച് ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.എന്നാല്‍ ഒഴക്കനാട് വാര്‍ഡില്‍ ജയിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫും.ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണത്തെ വിലയിരുത്തുമ്പോള്‍,യുഡിഎഫില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനമാകും വിലയിരുത്തുക.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുടെ പ്രദേശം ഉള്‍പ്പെടുന്ന ഒഴക്കനാട് വാര്‍ഡിലെ ജയം ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായവുമാണ്.

എൽ ഡി എഫ് സ്ഥാനാർത്ഥി പുഷ്പ ബാബു

എസ്/സി വനിത സംവരണ വാര്‍ഡായ ഒഴക്കനാട് വാര്‍ഡിലെ എഡിഎസ് സെക്രട്ടറി പുഷ്പ ബാബുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പിന്റെ ആദ്യ കണ്‍വെന്‍ഷനും നാളെ വൈകിട്ട് 5 മണിക്ക് ഒഴക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തെരഞ്ഞെടുപ്പ് ആണ് ഇതെന്നും അതിനായി ശക്തമായി പ്രവര്‍ത്തിക്കുമെന്നും സിപിഎം എരുമേലി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ വി ഐ അജി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും കഴിഞ്ഞ തവണ ഒന്നാം വാര്‍ഡായ പഴയിടത്ത് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അനിത സന്തോഷിനെയാണ് . സ്ഥാനാര്‍ത്ഥി ഔദ്യോഗിക പ്രഖ്യാപനം 30ന് പാത്തിക്കക്കാവില്‍ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ നടത്തുമെന്നും കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ് പറഞ്ഞു.