Saturday, April 20, 2024
indiaNewspolitics

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി. നരേന്ദ്ര മോദിയ്ക്ക് നല്‍കിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സര്‍വകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നല്‍കിയത്. ഈ വിവരങ്ങള്‍ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. 2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങള്‍ അപേക്ഷകനായ അരവിന്ദ് കെജ്രിവാളിന് കൈമാറാന്‍ ഉത്തരവിട്ടത്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു ആണ് ഗുജറാത്ത് സര്‍വകലാശാലയ്ക്കും ദില്ലി സര്‍വകലാശാലയ്ക്കും ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ സര്‍വകലാശാലയെ കേള്‍ക്കാതെ കമ്മീഷന്റെ ഉത്തരവെന്നും ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്