Wednesday, April 24, 2024
keralaNewspolitics

പമ്പാവാലിയില്‍ വനപാലകര്‍ നാട്ടുകാരെ മര്‍ദ്ദിച്ച സംഭവം ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ അറസ്റ്റ് ചെയ്യണം :എന്‍.ഹരി

പമ്പാവാലി എയ്ഞ്ചല്‍വാലിയില്‍ റോഡിന് കുറുകെ വാഹനം ഇട്ട് മദ്യപിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെയും മറ്റും ക്രൂരമായി മര്‍ദ്ദിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എ .ഹരി ആവശ്യപ്പെട്ടു.നാട്ടുകാരായ നാല് പേരെ മര്‍ദ്ദിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഴുകുമണ്‍ വനം വകുപ്പ് ഓഫീസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്ഞ്ചല്‍വാലി സ്വദേശികളായ പാലമൂട്ടില്‍ സുനീഷ്,ബന്ധുക്കളായ സുജാത ബിനു,സുജ അനീഷ്,കൊച്ചുകുട്ടിയായ അക്ഷര എന്നിവരെയാണ് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്.

കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവത്തിന് തുടക്കം.പമ്പാവാലി മേഖലയില്‍ നടക്കുന്ന അനധികൃത മണല്‍വാരല്‍ തടയുന്നതിന്റെ പേര് പറഞ്ഞാണ് വനപാലകര്‍ റോഡ് ബ്ലോക്ക് ചെയ്തത് മദ്യപിച്ചത് . ഈ സമയം അത് വഴി കടന്നുപോയ നാട്ടുകാരന്‍ കൂടിയായ സുനീഷ് ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നാണ് പിറ്റേദിവസം മൂന്നാം തിയതി ഉച്ചയോടെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ജോലി ചെയ്യുക യായിരുന്ന സുനീഷിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.സുനീഷിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ വനിതകളും,കൊച്ചു കുട്ടിയും അടക്കം വരുന്ന മറ്റ് മൂന്ന് പേരെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നും എന്‍.ഹരി പറഞ്ഞു.

വനത്തേയും വന്യജീവികളേയും സംരക്ഷിക്കേണ്ട വനപാലകര്‍ നാട്ടുകാരെ വന്യമൃഗത്തെപ്പോലെയാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു .
മര്‍ദ്ദനമേറ്റ വീട്ടമ്മ ഇപ്പോഴും അവശനിലയില്‍ വീട്ടില്‍ തന്നെ കഴിയുകയാണ് . മര്‍ദ്ദനമേറ്റ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ ഏതറ്റംവരേയും പോകുമെന്നും ഇക്കാര്യത്തില്‍ വനം വകുപ്പിലെ ഗുണ്ടയായ ഉദ്യോഗസ്ഥനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
റാന്നിയിലെ മത്തായിയുടെ കൊലപാതകം പോലെയുള്ള അക്രമമാണ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ നടത്തിയതെന്നും ഇദ്ദേഹത്തിനെതിരെ മാതൃകാ പരമായി നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും ബിജെപി ജില്ല സെക്രട്ടറി വി സി അജികുമാര്‍ പറഞ്ഞു.ജില്ലാ പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ ബി മധു അധ്യക്ഷനായ പരിപാടിയില്‍ ജില്ല കമ്മറ്റിയംഗം ലൂയിസ് ഡേവിഡ് ,
ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍,ജനറല്‍ സെക്രട്ടറി മോഹന്‍ജി , എസ് / സി മോര്‍ച്ച മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പ്രതി ഷേധ സമരത്തെ തുടര്‍ന്ന് എരുമേലി എസ് എച്ച് ഒ , ആര്‍ . മധുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി .
ഇതിനിടെ മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ സീതത്തോട് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയും ചെയ്തു.