Friday, April 26, 2024
keralaNewsObituary

മാര്‍ പൗവത്തിലിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

കോട്ടയം: മാര്‍ ജോസഫ് പൗവത്തിലിന് പ്രാര്‍ഥന നിര്‍ഭരമായ അന്ത്യയാത്രയേകി വിശ്വാസി സമൂഹം. സിറോ മലബാര്‍ സഭ ചങ്ങനാശേരി രൂപതാ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ സംസ്‌കാര ചടങ്ങുകളില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേര്‍ന്ന ഖബറിടത്തിലെ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവത്തിലിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്, കെ എന്‍ ബാലഗോപാലും വി.എന്‍ വാസവനുടക്കം സംസ്ഥാന മന്ത്രിമാര്‍, വി ഡി സതീശനും, കെ.സി.വേണുഗോപാലും ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയും പൗവത്തിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്നു. രാവിലെ ഒമ്പത് മണി വരെ നീണ്ട പൊതുദര്‍ശനത്തിനു ശേഷം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക കുര്‍ബാന മൂന്നു മണിക്കൂറോളം നീണ്ടു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിക്ക് ചുറ്റും ഭൗതിക ശരീരവുമായി നഗരി കാണിക്കല്‍ ചടങ്ങും നടന്നു. പൗവത്തിലിന്റെ ജീവിതരേഖ അടയാളപ്പെടുത്തിയ ഏഴു ചെമ്പു ഫലകങ്ങളും ഖബറില്‍ നിക്ഷേപിച്ചു.1985 നവംബര്‍ അഞ്ച് മുതല്‍ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവത്തില്‍ കുടുംബാംഗമാണ്.