Thursday, April 25, 2024
HealthkeralaNews

വീടും സ്ഥലവും നഷ്ടപ്പെടാതിരിക്കാനാണ് വൃക്ക വില്‍പ്പനയ്ക്ക് വെച്ചത്

മലപ്പുറം: ആഗ്രഹിച്ച് വാങ്ങിയ സ്ഥലവും വീടും നഷ്ടപ്പെടാതിരിക്കാന്‍ 55 കാരന്‍ വൃക്ക വില്‍പ്പനയ്ക്ക് വെച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം രൂപയുടെ കടം തീര്‍ക്കാനായി സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ചത് . മലപ്പുറം ജില്ലയുടെ പെരിന്തല്‍മണ്ണ മുതലുള്ള സ്ഥലത്ത് ഒ പോസറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ച് സജി പതിപ്പിച്ച പോസ്റ്റര്‍ നിമിഷനേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്.         പെരിന്തല്‍മണ്ണയിലെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മുന്‍പിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട് .പെയിന്റിങ് തൊഴിലാളിയാണ് സജി. കഴിഞ്ഞ 26 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങിയത്. അവിടെ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് ഒരു വീട് കെട്ടി താമസിക്കുകയായിരുന്നു. കയ്യിലുള്ള പണവും കടം വാങ്ങിയ പണവും എല്ലാംകൂടി ഉപയോഗിച്ചാണ് സജി സ്ഥലം വാങ്ങിയിരുന്നത്. എന്നാല്‍ താമസം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും വീടുകെട്ടാന്‍ ചെലവായ പണത്തിന്റെ കടം വീട്ടാന്‍ പോലും ആയില്ലെന്ന് സജി പറയുന്നു. സജിക്ക് മൂന്ന് ആണ്‍കുട്ടികളാണുളളത്. മക്കളില്‍ രണ്ട് പേര്‍ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനം ഇരുവര്‍ക്കുമില്ല. 6000 രൂപ ശമ്പളത്തിനാണ് രണ്ടുപേരും ജോലിചെയ്യുന്നത്. രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങളാണ് ചെലവായതെന്ന് സജി പറഞ്ഞു.ആഗ്രഹിച്ച് വാങ്ങിയ വീടും സ്ഥലവും കടം കയറി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സജി പറയുന്നു.