Friday, April 26, 2024
NewsSportsworld

100 ഗോള്‍; അന്താരാഷ്ട്ര ഫുട്‌ബോളിലാണ് മെസ്സിയുടെ ചരിത്ര നേട്ടം

ബ്യൂണസ് അയേഴ്സ് : അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ നൂറു ഗോള്‍ തികച്ച് ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ബുധനാഴ്ച പുലര്‍ച്ചെ കുറസാവോയ്ക്കെതിരെയായിരുന്നു മെസ്സിയുടെ നൂറാം ഗോള്‍. മത്സരത്തിന്റെ 20-ാം മിനുട്ടിലായിരുന്നു ഗോള്‍ വല ചലിപ്പിച്ച് മെസ്സി തന്റെ അന്താരാഷ്ട്ര ഫുട്‌ബോളിലെ സെഞ്ച്വറി ഗോള്‍ സ്വന്തമാക്കിയത്. തന്റെ 174-ാമത്തെ മത്സരത്തിലാണ് മെസ്സി ചരിത്ര നേട്ടം കുറിച്ചത്. മത്സരത്തില്‍ കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. കളിയില്‍ മെസ്സി ഹാട്രിക് നേടി. 23-ാം മിനുട്ടില്‍ നിക്കോ ഗോണ്‍സാല്‍വസ് ലീഡുയര്‍ത്തി. 33-ാം മിനുട്ടില്‍ വീണ്ടും മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍. 35-ാം മിനുട്ടില്‍ എന്‍സോ ഫെര്‍മാണ്ടസിലൂടെ അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. 37-ാം മിനുട്ടില്‍ മെസ്സി മൂന്നാം ഗോളും നേടി അര്‍ജന്റീനന്‍ ഗോള്‍പട്ടിക തികച്ചു. കുറസാവോക്കെതിരേ ബുധനാഴ്ച പുലര്‍ച്ചെ 5.30-ന് അര്‍ജന്റീനയിലെ സാന്റിയാഗോയിലായിരുന്നു മത്സരം.2005 മുതലാണ് മെസ്സി അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ കളിച്ച് തുടങ്ങിയത്. 2004-ല്‍ അണ്ടര്‍ 20 ടീമിലും കളിച്ചിരുന്നു. 2006 മുതല്‍ 2022 വരെ അഞ്ച് ഫുട്ബോള്‍ ലോകകപ്പിലും പങ്കെടുത്തു. 2005 ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരേയാണ് മെസ്സി ആദ്യമായി കളിച്ചത്. 2006 മാര്‍ച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തില്‍ താരം ആദ്യ അന്താരാഷ്ട്ര ഗോളും നേടി. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ നൂറ് ഗോള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് ലയണല്‍ മെസ്സി. ഒന്നാമത് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 122 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ നേടിയത്. രണ്ടാമത് ഇറാന്റെ അലി ദേയിയാണ്. 109 ഗോളാണ് അലി ദേയി ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.