ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടുകളില്‍ താമസിക്കാന്‍ ആളില്ല ; എരുമേലിയില്‍ പ്ലാസ്റ്റിക് ഷെഡില്‍ രണ്ട് കുടുംബങ്ങളുടെ ദുരിത ജീവിതം

എരുമേലി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളില്‍ താമസിക്കാന്‍ ആളുകളില്ലാതെ വീടുകള്‍ അനാഥമായി കിടക്കുമ്പോഴാണ് എരുമേലി ഗ്രാമപഞ്ചായത്തിലെ ശ്രീനിപുരം വാര്‍ഡില്‍ കഴിഞ്ഞ 10 വര്‍ഷമായി പ്ലാസ്റ്റിക് ഷെഡ്ഡില്‍ രണ്ടു കുടുംബങ്ങള്‍ നരക ജീവിതം നയിക്കുന്നത്.ശ്രീനിപുരം രാജീവ് ഭവന്‍ കോളനിക്ക് സമീപം താമസിക്കുന്ന മരോട്ടിക്കല്‍ വീട്ടില്‍ ജയ പുരുഷോത്തമന്‍,എരുമേലി ആനക്കല്ലില്‍ തൗഫീന സിറാജ് എന്നിവരാണ് പ്ലാസ്റ്റിക് ഷെഡില്‍ കഴിയുന്നത്.സീറോ ലാന്‍ഡ് പ്രദേശത്ത്
പഞ്ചായത്ത് തന്നെ അനുവദിച്ച 3 സെന്റ് സ്ഥലത്ത്  തൊടുപുഴയില്‍ നിന്നും വന്ന് താമസിക്കുന്ന ജയ പുരുഷോത്തമന്‍ വിധവയും രോഗബാധിതയും ആണ്.ചികിത്സയ്ക്കും മറ്റ് താമസ ചെലവിനുമായി ഇവര്‍ കൂലിപ്പണിക്ക് പോകുമ്പോഴും സുരക്ഷിതമായി കിടന്നുറങ്ങാന്‍ കിടപ്പാടം ഇല്ലാത്തതാണ് ഇവരെ ദുരിതത്തില്‍ ആക്കിയിരിക്കുന്നത്.സമീപത്തായി രണ്ടു കുട്ടികള്‍ അടങ്ങുന്ന മറ്റൊരു കുടുംബവും ഇതേ അവസ്ഥയിലാണ്.സിറാജും-ഭാര്യ തൗഫീനയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ദുരിത ജീവിതം നയിക്കുന്നത്. ഈ രണ്ട് കുടുംബങ്ങള്‍ക്ക് ഒപ്പം അപേക്ഷ നല്‍കിയ പലര്‍ക്കും ലൈഫ് മിഷനില്‍ വീടുകള്‍ ലഭിച്ചു.പലരും വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.എന്നാല്‍ ആ വീടുകളില്‍ ഒന്നും ഇതുവരെ താമസം തുടങ്ങിയിട്ടില്ല. നിലവില്‍ വീടുകള്‍ ഉള്ളവര്‍ക്കാണ് ലൈഫ് മിഷനില്‍ വീണ്ടും വീടുകള്‍ നല്‍കിയതെന്നും ഇവര്‍ പറയുന്നു.പ്ലാസ്റ്റിക്ക് കൊണ്ടുള്ള വീട്ടില്‍ കിടക്കുന്ന ഇവര്‍ക്ക് സമീപത്ത് നിര്‍മ്മിച്ച വീടുകളാണ്  എന്നും കാണുന്നതും .ലൈഫ് മിഷന്‍ ലിസ്റ്റില്‍ നിരവധി തവണ ഈ കുടുംബങ്ങള്‍ ഉള്‍പ്പെട്ടുവെങ്കിലും അവസാന സമയം വീടുകള്‍ നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരിലാണ് ആദ്യം വീടുകള്‍ നിഷേധിച്ചത്.എന്നാല്‍ റേഷന്‍ കാര്‍ഡുമായി ചെന്നപ്പോള്‍ വീടുകള്‍ ഇല്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.പട്ടിണി പാവങ്ങളായ കോളനി നിവാസികള്‍ കിടക്കാനായി പ്ലാസ്റ്റിക് വിരിച്ചും മണ്‍തറയില്‍ കിടന്നു നെട്ടോട്ടമോടുമ്പോഴാണ് അര്‍ഹത ഇല്ലാത്തവര്‍ക്ക് വീടുകള്‍ നല്‍കി അധികൃതര്‍ കോളനി നിവാസികളെ സങ്കടപ്പെടുത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി വീടുകള്‍ക്കായി രണ്ടു കുടുംബവും നിരവധി തവണയാണ് പഞ്ചായത്തിലും -മറ്റ് ഉദ്യോഗസ്ഥരെയും മുന്നില്‍ എത്തിയത്. എന്നിട്ടും ഒരു രക്ഷയുമില്ല. ആവലാതികള്‍ കേള്‍ക്കും പക്ഷെ വീട് ലഭിക്കില്ല.കുറേ സാങ്കേതിക കാരണങ്ങളും പറയും.പിന്നെ നിരാശ
യോടെ മടങ്ങേണ്ട അവസ്ഥയാണ് വരുന്നതെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ മഴക്കാലത്ത് തൗഫീനയെ പാമ്പ് കടിക്കുകയും,താമസിക്കുന്ന
പ്ലാസ്റ്റിക് ഷെഡ്ഡില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട്ടില്‍ താമസമില്ലെന്ന് പരാതിയുമായി ചെല്ലുമ്പോള്‍ മാത്രമാണ് ചിലര്‍ വരുന്നതെന്നും ഇവര്‍ പറയുന്നു.സാങ്കേതിക കാരണങ്ങള്‍ നിരത്തി വീടിന് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് വീട് നല്‍കുകയാണ് ഉദ്യോഗസ്ഥരെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ കുറേ വര്‍ഷമായി കോടികള്‍ ചിലവഴിച്ച് ശ്രീനിപുരം കോളനിയില്‍ പുനരുദ്ധാരണം നടക്കുമ്പോഴും ഇത്തരത്തില്‍ പ്ലാസ്റ്റിക് ഷെഡ്ഡില്‍ കഴിയുന്നവരും നിരവധിയാണ്.എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ എസ് സി/എസ് റ്റി വിഭാഗങ്ങള്‍ക്ക് പൂര്‍ണമായും,ജനറല്‍ വിഭാഗത്തിലെ ലിസ്റ്റില്‍ 100 പേര്‍ക്കുമാണ് വീടുകള്‍ നല്‍കുന്നതെന്നും,രണ്ടാംഘട്ടത്തില്‍ മറ്റുള്ളവര്‍ക്കും പഞ്ചായത്ത് ലിസ്റ്റ് അനുസരിച്ച് വീടുകള്‍ ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു.