Wednesday, April 17, 2024
keralaNews

ലൈഫ് മിഷന്‍ ക്രമക്കേട് ; അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ഐഐഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തു. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നിലവില്‍ ഏഴ് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കളളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ബുധനാഴ്ച്ച രാത്രിയാണ് രാത്രിയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തിലും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തതിലും ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറസ്റ്റ് മെമ്മോയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. ഒക്ടോബര്‍ 15ന് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായിട്ടാണ് മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയും വിവാദങ്ങളില്‍ നിറയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകളുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന്‍ ലഭിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയും സുഹൃത്തുക്കളും നാലര കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റി ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളിലും അന്വേഷണം നടത്താനായിരുന്നു ഉത്തരവ്.